വയനാട്: മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബിഡിജഐസ് അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തുഷാര്‍.
ഉത്തരേന്ത്യയില്‍ നില്ക്കാന് പറ്റാത്ത സാഹചര്യത്തിലാണ് രാഹുല്‍ ദക്ഷിണേന്ത്യയിലേക്കു വരുന്നത്. പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും അമേഠിയില്‍ വികസനമുണ്ടാക്കാന്‍ അവര്‍ക്കായില്ല. പിന്നെ രാഹുല്‍ ഇവിടെ എന്തു വികസനമാണ് ഉണ്ടാക്കാന്‍ പോകുന്നത്. മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. അത് വിജയിക്കില്ല. ഈ വര്‍ഗീയത ഇവിടെ വിലപ്പോവില്ലെന്നും തുഷാര്‍ പറഞ്ഞു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്നും തുഷാര്‍ കുറ്റപ്പെടുത്തി.
ശബരിമല സമരത്തെ പിണറായി മുന്നില്‍നിന്നും കോണ്‍ഗ്രസ് പിന്നില്‍നിന്നും കുത്തിയെന്നും സത്യത്തെ മറയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തുഷാറിനൊപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
