തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടര്‍ നടപടികള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും. സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും ശശീന്ദ്രന് വ്യക്തമാക്കി. അന്തര്‍സംസ്ഥാന ബസുകളില്‍ ന്യായമായ ടിക്കറ്റ് നിരക്ക് വരുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. നിരക്ക് നിയന്ത്രണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന അനിഷ്ട സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന അതിര്‍ത്തികളില്‍ പോലീസും നികുതി വകുപ്പും ബസുകള്‍ പരിശോധിക്കുമെന്നും മന്ത്രി വിശദമാക്കി.
യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുത്തു. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അന്തര്‍സംസ്ഥാന ദീര്‍ഘദൂര ബസുകള്‍ക്കെതിരായ നടപടി ശക്തമാക്കിയിരുന്നു.
