പോളിങ് സാമഗ്രികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചതായി പരാതി

റാന്നി: റാന്നി മണ്ഡലത്തിലെ വോട്ടിങ് മെഷീനടക്കമുള്ള പോളിങ് സാമഗ്രികള്‍ റാന്നി സെന്റ് തോമസ് കോളേജില്‍നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചതായി പരാതി. സ്ഥലത്ത് ക്യാമ്ബ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണിത് സംബന്ധിച്ച്‌ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, റാന്നി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറോട് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചശേഷമാണ് നിര്‍ത്തിവെച്ച ജോലികള്‍ പുനരാരംഭിച്ചതെന്നും പോലീസ് പറയുന്നു.

രാത്രി വൈകിയാണ് പല ബൂത്തുകളില്‍നിന്നും പോളിങ് സാമഗ്രികള്‍ തിരികെ എത്തിയതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമാണുണ്ടായതെന്നും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ജെ.ദേവപ്രസാദ്, റാന്നി തഹസില്‍ദാര്‍ എന്‍.സുബ്രഹ്മണ്യം എന്നിവര്‍ പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തില്‍ കയറ്റിത്തുടങ്ങി. എന്നാല്‍, അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇത് നിര്‍ത്തിവെച്ചതായി പോലീസ് പറയുന്നു. ആറുമണി കഴിഞ്ഞിട്ടും ശേഷിക്കുന്നവകൂടി കയറ്റാനോ ഇവ കൊണ്ടുപോകുന്നതിനോ ആരും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചത്. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ എ.ആര്‍.ഒ.യുമായി ബന്ധപ്പെട്ടത്. എട്ടുമണിയോടെ എല്ലാം കയറ്റി വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര നവോദയ വിദ്യാലയത്തിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *