കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയില്‍ ചാടാന്‍ തടവുകാരുടെ ശ്രമം. കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.കൊലക്കേസ് പ്രതി അരുണ്‍കുമാര്‍, മോഷണക്കേസ് പ്രതികളായ റഫീക്ക്, അഷ്റഫ് ഷംസീര്‍ എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. 24ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക ചേര്‍ത്ത ചായ നല്കി ഉറക്കിക്കിടത്തിയാണ് മൂന്നംഗസംഘം തടവ് ചാടാന്‍ ശ്രമിച്ചത്.
പ്രഭാതഭക്ഷണം തയ്യാറാക്കാനാണ് മൂവരേയും പുറത്തിറക്കിയത്. ഇന്നലെ അടുക്കളയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടല്‍ ശ്രമം പുറത്തറിഞ്ഞത്. കുഴഞ്ഞ് അവശനിലയിലായ ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭക്ഷ്യവിഷ ബാധയേറ്റിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഓഫീസറടക്കം എത്തി പരിശോധിച്ചിട്ടും ജയിലില്‍ ഭക്ഷ്യവിഷ ബാധക്കുള്ള സാധ്യത കണ്ടെത്തിയില്ല.
തുടര്‍ന്ന് സംശയം തോന്നിയ ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരു തടവുകാരന് ഉദ്യോഗസ്ഥര്‍ക്കുള്ള ചായയില്‍ പോക്കറ്റില്‍ നിന്നും എന്തോ പൊടി ഇടുന്നത് ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ജയില്‍ചാട്ടത്തിനുള്ള ശ്രമം പുറത്തറിഞ്ഞത്. മാനസികരോഗത്തിന് ചികിത്സചെയ്യുന്ന സഹതടവുകാരില്‍ നിന്നാണ് മൂന്നംഗസംഘം മയക്കുഗുളികകള്‍ സംഘടിപ്പിച്ചത്.
ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ചാവി കൈക്കലാക്കി ജയില്‍ ഗേറ്റിന് സമീപത്തേക്ക് നീങ്ങി. എന്നാല്‍ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു ഉദ്യോഗസ്ഥന് ആ സമയം ഗേറ്റിന് സമീപത്തേക്ക് വന്നു. ഇത് കണ്ടതോടെ മൂവരും പിന്‍വാങ്ങി. തങ്ങള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞ് ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
