റിയാദ്: സൗദിയില്‍ മലയാളിയുടെ പേരില്‍ വ്യാജ സിം കാര്‍ഡ് എടുത്ത് സാമ്ബത്തിക തട്ടിപ്പ്. മലപ്പുറം സ്വദേശി ബാബുരാജാണ് നിയമക്കുരുക്കിലായത്. സൗദി സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മലയാളിയുടെ പേരിലെടുത്ത വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചത്.
പൊലീസ് സ്പോണ്‍സറെ ബന്ധപ്പെട്ട് ബാബുരാജിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ പേരില്‍ വലിയ തട്ടിപ്പ് നടന്ന വിവരം അദ്ദേഹം അറിഞ്ഞത്. സൗദി പൗരനെ ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി 65,000 റിയാല്‍ കവര്‍ന്നതായിരുന്നു കേസ്.
ലോട്ടറി അടിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പണം നിക്ഷേപിക്കാമെന്നുമാണ് ഫോണിലൂടെ തട്ടിപ്പുകാര്‍ സൗദി പൗരനെ അറിയിച്ചത്. ഇതനുസരിച്ച് ഇയാള്‍ അക്കൗണ്ട് വിവരങ്ങള്‍ അയച്ചുകൊടുത്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് 65,000 റിയാല്‍ തട്ടിപ്പുകാര്‍ പിന്‍വലിച്ചു. ഇതോടെ തട്ടിപ്പുകാര്‍ വിളിച്ച ഫോണ്‍ നമ്ബര്‍ സഹിതം ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു.
ഫോണ്‍ നമ്ബറിന്റെ ഉടമ ആരാണെന്ന് പരിശോധിച്ചപ്പോഴാണ് ബാബുരാജിലേക്ക് അന്വേഷണം എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ ബാബുരാജിന്റെ നിരപരാധിത്വം ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. വൈകുന്നേരത്തോടെ സ്പോണ്‍സറുടെ ജാമ്യത്തില്‍ വിടുകയായിരുന്നു.
