ഹരിദ്വാര്‍: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ‌് ചെയ്തു. പൗള്‍ട്രിഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യ ലഹരിയിലാണ് പ്രതി കുറ്റം ചെയ്തെന്നും ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദിവസവേതനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ ജോലി ചെയ്യുന്ന പാടത്തിന് സമീപത്ത് വച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
സോനു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതായി കണ്ട പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
