കൊച്ചി: സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാന്‍ സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷന്‍ കട വഴിയും. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തില്‍ ചര്‍ച്ച നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ‌് സപ്ലൈകോ വിപണിയിലെത്തിച്ചത‌്.
പൊതുവിപണിയില്‍ ലിറ്ററിന‌് 20 രൂപയുള്ള കുപ്പിവെള്ളമാണ‌് 11 രൂപയ‌്ക്ക‌് സപ്ലൈകോ നല്‍കുന്നത‌്. സ്വകാര്യ കമ്ബനികളുടെ ചൂഷണം തടഞ്ഞ‌് കുറഞ്ഞ വിലയ‌്ക്ക‌് കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള എല്‍ഡിഎഫ‌് സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. വയനാട‌്, കാസര്‍കോട‌് ഒഴികെ മറ്റ‌് ജില്ലകളില്‍ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ‌്.വിവിധ മാവേലി സ‌്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ‌് വില്‍പ്പന നടത്തിയത‌്.
കുപ്പിവെള്ളം റേഷന്‍കട വഴി വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായാണ‌് ബുധനാഴ‌്ചത്തെ പ്രാരംഭ ചര്‍ച്ച. റേഷന്‍ കടയുടമകളുമായി ഇക്കാര്യം ചര്‍ച്ച ചെയ‌്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇവരുടെ കമ്മീഷന്‍, ലാഭ വിഹിതം എന്നിവയും ചര്‍ച്ച ചെയ്യും. കുപ്പിവെള്ളം എളുപ്പത്തില്‍ ലഭ്യമാക്കാനാണ‌് റേഷന്‍ കടവഴി വില്‍പ്പന നടത്താന്‍ സപ്ലൈകോ ലക്ഷ്യമിടുന്നത‌്.
