പോസ്റ്റല്‍ വോട്ട് തിരിമറി സ്ഥിരീകരിച്ച്‌ ഡിജിപി

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറി നടന്നുവെന്ന് സമ്മതിച്ച്‌ ഡിജിപി ലോക്‌നാഥ് ബഹ്‌റ. സംഭവത്തെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ഡിജിപി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഡിജിപിയുടെ ആവശ്യം. തിരുവനന്തപുരം വട്ടപ്പാറ പോസ്റ്റോഫീസില്‍ പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വന്നതില്‍ ഒരു പൊലീസുകാരനെയും പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതിന് വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ച മറ്റൊരു പൊലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഡി.ജി.പിയുടെ ശുപാര്‍ശകളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് തുടര്‍ നടപടി സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുക.

പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ വാങ്ങിയെന്നും ആ പ്രക്രിയ അപക്വമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല അന്വേഷണം വേണം. ആരൊക്കെയാണ് ഇതിനു പിന്നിലുള്ളതെന്ന് കണ്ടെത്തണമെന്നും ഡിജിപി ആവശ്യപ്പെടുന്നു. ഏതുതരം അന്വേഷണമാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പു കമ്മിഷനാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങളെന്നും ഡിജിപി അറിയിച്ചു. അതേസമയം ഒരുതരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന വാദത്തില്‍ പൊലീസ് അസോസിയേഷന്‍ ഉറച്ചുനില്‍ക്കുകയാണ്. പോസ്റ്റല്‍ വോട്ട് സമ്ബ്രദായത്തിലെ അപാകതകള്‍ മുതലെടുക്കാനാണ് അസോസിയേഷന്‍ ഇടപെടലെന്നാണ് പറയുന്നത്. ആരെയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പോസ്റ്റല്‍ വോട്ട് കൈവശപ്പെടുത്തിയിട്ടില്ലെന്നും അസോസിയേഷന്‍ പറയുന്നു. ഇന്റലിജന്‍സ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റല്‍ വോട്ട് അട്ടിമറിക്കെതിരെ പുറത്തുവന്ന ശബ്ദരേഖയിലെ പൊലീസുകാരന്റെ മൊഴിയെടുത്തിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച പൊലീസുകാരുടെ മൊഴിയും ഇന്റലിജന്‍സ് വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പലരും അസോസിയേഷനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു പൊലീസുകാരന്റെ വീട്ടില്‍ ഒന്നോ, രണ്ടോ ബാലറ്റുകള്‍ വരാം. എന്നാല്‍ കൂട്ടത്തോടെ ബാലറ്റുകള്‍ വരുന്നത് അസ്വഭാവികതയാണ്. സംഘടനാ സ്വാധീനം തന്നെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡിജിപി റിപ്പോര്‍ട്ട് കൈമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *