കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനത്തെ പിഎസ് ശ്രീധരന്‍ പിളള തുരങ്കം വെച്ചു എന്ന ആരോപണത്തില്‍പ്പെട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി. ദേശീയപാതയ്ക്കുളള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിളള കേന്ദ്രത്തിന് അയച്ച കത്ത് മന്ത്രി തോമസ് ഐസക് പുറത്ത് വിട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിക്കും ശ്രീധരന്‍ പിളളയ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. അതിനിടെ ശ്രീധരന്‍ പിളളയല്ല ദേശീയപാതാ വികസനം അട്ടിമറിച്ചത് എന്ന് വ്യക്തമാക്കി സിആര്‍ നീലകണ്ഠന്‍ രംഗത്ത് വന്നു. ഇതോടെ ഇടത് അനുകൂലികള്‍ നീലകണ്ഠന് എതിരെ രംഗത്ത് എത്തി. അവര്‍ക്കുളള സിആര്‍ നീലകണ്ഠന്റെ മറുപടി ഇങ്ങനെ.
സഖാക്കന്‍മാരോട് ഒരു വാക്ക്
സിആര്‍ നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ”എന്നെ സംഘിയാക്കാന്‍ മുട്ടി നില്‍ക്കുന്ന സഖാക്കന്‍മാരോട് ഒരു വാക്ക്. സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഈ ഫെയ്സ്ബുക്കില്‍ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലില്‍ കിടന്നതാണ് എന്റെ വിപ്ലവം.
അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്ബ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടാ.. ഞാന്‍ ഇവിടെ തന്നെ കാണും നിങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന ജനങ്ങള്‍ക്കൊപ്പം, അവരുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി” എന്നാണ് സിആര്‍ നീലകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ദേശീയ പാതാ വികസനം ബിജെപി അട്ടിമറിച്ചെന്നും കേരളത്തില്‍ നിന്ന് കൊണ്ട് ഈ നാടിന്റെ വികസനത്തിന് വരെ തുരങ്കം വെയ്ക്കുകയാണ് എന്നുമാണ് ബിജെപിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രീധരന്‍ പിളളയ്ക്കും ബിജെപിക്കുമെതിരെ വന്‍ ആക്രമണം നടക്കുന്നു.
ശ്രീധരന്‍ പിളള സാഡിസ്‌ററ് ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്. അതേസമയം ആരോപണം നിഷേധിച്ച് ശ്രീധരന്‍ പിളള രംഗത്ത് വരികയും ചെയ്തു. അതിനിടെയാണ് ബിജെപിയെ പിന്തുണച്ച് കൊണ്ട് മുന്‍ ആം ആദ്മി കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന്റെ രംഗപ്രവേശം.
അടുത്തിടെയാണ് സിആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ ആപ്പിന്റെ പിന്തുണ യുഡിഎഫിനാണ് എന്ന് പ്രഖ്യാപിച്ചതിന്റെ പേരിലായിരുന്നു നടപടി. ദേശീയ പാത വികസന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ചതോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് സംഘിപ്പട്ടവും ചാര്‍ത്തി നല്‍കി.
