കട്ടപ്പന: എട്ടു വയസുള്ള പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ അമ്മയുടെ കാമുകന് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു. മൂന്ന് പെണ്മക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ എട്ടു വയസുകാരിയായ മൂത്ത മകളെയാണ് അനീഷ് ചൂരല്‍ വടി കൊണ്ട് ദയയില്ലാതെ തല്ലിയത്. അനീഷ് വീട്ടില്‍ വരുന്ന കാര്യം അച്ഛനെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. കുട്ടിയെ അനീഷ് തല്ലിയതായി അച്ഛന്റെ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
തളര്‍വാതം പിടിച്ച് കിടപ്പിലായ ഭര്‍ത്താവില്‍ നിന്നും യുവതി മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ക്കൊപ്പമാണ് താമസം. കുട്ടിയെ അനീഷ് ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ അയാളെ തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ല. അനീഷ് യുവതിയുടെയും മക്കളുടെയും കൂടെ താമസിക്കുന്നത് പല തവണ എതിര്‍ത്തിരുന്നുവെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അറിയിച്ചു.
അനീഷ് വീട്ടില്‍ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. എതിര്‍ത്തപ്പോളാണ് അനീഷ് ചൂരല്‍ വടി കൊണ്ടാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയെ അനീഷ് മര്‍ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ കുട്ടി അച്ഛന്റെ സഹോദരികളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ പരാതിയില്‍ ആണ് ഉപ്പുതറ പൊലീസ് കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മര്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. അമ്മക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
