ഫര്‍ണിച്ചര്‍ വെയിലത്തിട്ടതിന് ശിക്ഷയായി 26കാരിയായ വേലക്കാരിയെ മണിക്കൂറുകള്‍ വെയിലത്തിട്ട് മരത്തില്‍ കെട്ടിവരിഞ്ഞ് നിര്‍ത്തി അറബ് മുതലാളി

റിയാദ്: കാലാകാലങ്ങളായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം പുറത്ത് വന്നു. റിയാദില്‍ വീട്ട് വേലക്കാരിയായി ജോലി ചെയ്യുന്ന ഫിലിപ്പീന്‍സുകാരി ലൗലി അകോസ്റ്റ ബറ്യൂലോ(26)യെ പൊരിവെയിലത്ത് മരത്തില്‍ മണിക്കൂറുകളോളം കെട്ടിവരിഞ്ഞിട്ട് അറബ് മുതലാളി നരകിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫര്‍ണിച്ചര്‍ വെയിലത്തിട്ടതിനുള്ള ശിക്ഷയായിട്ടായിരുന്നു ഈ മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സൗദിയിലെ വേലക്കാരുടെ ഞെട്ടിക്കുന്ന അവസ്ഥയെ വ്യക്തമാക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ലോകം. ഇക്കാര്യത്തില്‍ സൗദി അറേബ്യയോട് വിശദീകരണം ചോദിച്ച്‌ ഫിലിപ്പീന്‍സ് രംഗത്തെത്തിയിട്ടുമുണ്ട്.

വിലയേറിയ ഫര്‍ണിച്ചറുകളിലൊന്ന് വെയിലത്തിട്ട് നിറം മങ്ങിപ്പിച്ചത് വീട്ടുടമയെ ദേഷ്യത്തിലാക്കുകയും ലൗലിയെ കടുത്ത ശിക്ഷയ്ക്ക് വിധേയയാക്കുകയുമായിരുന്നു. ഈ കടുത്ത ശിക്ഷയുടെ ചിത്രങ്ങള്‍ ലൗലിയുടെ സഹപ്രവര്‍ത്തകയും മറ്റൊരു ഫിലിപ്പീന്‍സുകാരിയും ക്യാമറയില്‍ പകര്‍ത്തുകയും ലോകത്തെ അറിയിക്കുകയുമായിരുന്നു. ലൗലിയുടെ അരയും കാലുകളുടെ മരത്തില്‍ ബന്ധിച്ച നിലയിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മെയ്‌ ഒമ്ബതിനായായിരുന്നു ലൗലിയെ വീടിന്റെ പൂന്തോട്ടത്തിലെ മരത്തില്‍ കെട്ടിയിട്ടിരുന്നത്.

ഫര്‍ണിച്ചര്‍ വെയിലത്തിട്ട തെറ്റ് ബോധ്യപ്പെടുത്താനും വെയിലത്ത് മണിക്കൂറുകളോളം കിടക്കുന്നതിന്റെ ബുദ്ധിമുട്ട് ലൗലിയെ പഠിപ്പിക്കാനുമായിരുന്നു വീട്ടുടമസ്ഥര്‍ ഈ യുവതിയോട് ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി പെരുമാറിയിരിക്കുന്നത്. യുവതി സൗദിയില്‍ അനുഭവിച്ച നരകയാതനയെക്കുറിച്ച്‌ യഥാസമയം അറിയാനും രണ്ട് കുട്ടികളുടെ അമ്മയായ ലൗലിയെ വിജയകരമായ തിരിച്ച്‌ ഫിലിപ്പീന്‍സിലേക്ക് കൊണ്ടു വരാനും തങ്ങള്‍ക്ക് സാധിച്ചിരിക്കുന്നുവെന്നാണ് ദി ഫിലിപ്പീന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് (ഡിഎഫ്‌എ) പ്രതികരിച്ചിരിക്കുന്നത്.

മെയ്‌ 9ന് രാത്രി 8.55ന് ലൗലി മനിലയിലെത്തിയെന്നാണ് ഡിഎഫ്‌എ വെളിപ്പെടുത്തുന്നത്. ലൗലി തന്റെ തൊഴിലുടമയാല്‍ ക്രൂരമായ ശിക്ഷിപ്പെട്ടുവെന്ന് റിയാദിലെ ഫിലിപ്പീന്‍സ് എംബസി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു അതേ ദിവസം തന്നെ ലൗലിയെ രക്ഷിക്കാന്‍ സത്വര നടപടിയുണ്ടായത്. ലൗലിയെ രക്ഷിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ചത് ലൗലിയുടെ സഹപ്രവര്‍ത്തകയായിരുന്നു. തങ്ങള്‍ക്ക് പറ്റി പോകുന്ന ചെറിയ പിഴവുകള്‍ക്ക് പോലും തൊഴിലുടമ കടുത്ത ശിക്ഷയേകാറുണ്ടെന്നാണ് ലൗലിയുട സഹപ്രവര്‍ത്തകയും സ്ഥിരീകരിച്ചിരിക്കുന്നത്.

ഫിലിപ്പീന്‍സിലെ ലാ യൂണിയനിലെ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ലൗലി ഇപ്പോള്‍. തന്നെ സഹായിച്ച ഏവരോടും നന്ദിയുണ്ടെന്നും ലൗലി പ്രതികരിക്കുന്നു. ഇത്തരത്തില്‍ നരകയാതനകള്‍ അനുഭവിച്ച്‌ സൗദിയില്‍ കഴിയുന്ന മറ്റ് ഫിലിപ്പിനോകളെയും രക്ഷിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ലൗലി വ്യക്തമാക്കുന്നു. തന്റെ സഹപ്രവര്‍ത്തകരിലൊരാളാണ് താന്‍ ശിക്ഷിക്കപ്പെടുന്ന ഫോട്ടോയെടുത്ത് പുറത്ത് വിട്ട് തന്റെ രക്ഷക്കുള്ള വഴിതുറന്നിരിക്കുന്നതെന്നും ആ സഹപ്രവര്‍ത്തകയുടെ സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയുണ്ടെന്നും ലൗലി പറയുന്നു. അതിനാല്‍ അവരെയും രക്ഷിക്കേണ്ടതുണ്ടെന്നും ലൗലി ആവര്‍ത്തിക്കുന്നു. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായി നിലവില്‍ 2.3 മില്യണ്‍ ഫില ിപ്പിനോകളാണ് ജോലിയെടുക്കുന്നത്. ഇവരില്‍ പകുതിയിലേറെ പേരും സ്ത്രീകളാണ്.

Leave a Reply

Your email address will not be published. Required fields are marked *