ശബരിമല വിഷയം ഇടത് വോട്ടുകള്‍ ചോര്‍ത്തി, തിരുത്തല്‍ നടപടികള്‍ പ്രകോപനപരമാകില്ലെന്നും മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയം പരമ്ബരാഗത ഇടത് വോട്ടുകള്‍ ചോര്‍ത്തിയെന്നും അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും തുറന്ന് സമ്മതിച്ച്‌ മന്ത്രി ഡോ.തോമസ് ഐസക്. സാധാരണയായി സംഭവിക്കാത്ത ഒന്നാണ് ഇപ്പോള്‍ നടന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ വ്യാപ്‌തിയില്‍ പാര്‍ട്ടിയില്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ട്.ശബരിമല നിര്‍ണായക ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നില്ല. പക്ഷേ, ശബരിമല വിഷയത്തില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ വേണ്ട നടപടികള്‍ പാര്‍ട്ടി ആലോചിച്ച്‌ നടപ്പിലാക്കും. അതൊരിക്കലും പ്രകോപനപരമാകില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല വിഷയം ഇടത് വോട്ടുകള്‍ ചോര്‍ത്തിയെന്ന് സമ്മതിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ​തോല്‍വി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എല്‍.ഡി.എഫിന്റെ മതേതര വോട്ടുകളില്‍ കുറവ് വന്നു. എല്‍.ഡി.എഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന കോണ്‍സിന്റെ പ്രചാരണങ്ങളില്‍ ജനം തെറ്റിദ്ധരിക്കപ്പെട്ടു. ശബരിമല വിഷയത്തില്‍ ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. സുപ്രീം കോടതി വിധി ആയതിനാല്‍ ഏത് സര്‍ക്കാരിനും ഇതൊക്കെയേ ചെയ്യാനാവൂ. മഹാരാഷ്ട്രയിലും ഇതാണ് സംഭവിച്ചത്. എല്‍.ഡി.എഫിന്റെ ഹിന്ദു വോട്ടില്‍ കുറവ് വന്നു. ഇതിന് കാരണം ശബരിമല മാത്രമല്ല. ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുക എന്ന നിലപാടേ സര്‍ക്കാരിനുള്ളു. ഇക്കാര്യത്തില്‍ എല്‍.ഡി. എഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *