ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചിലില്‍ ആശങ്കയിലായി ബി.ജെ.പി സംസ്ഥാന നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കേരളത്തിലെ വിശ്വാസികളുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമലയിലൂടെ സമൂദായത്തെ മൊത്തമായി ഇടത് സര്‍ക്കാര്‍ അപമാനിക്കുന്നു എന്ന വികാരം ജനങ്ങളിലേക്ക് പടര്‍ത്തുവാന്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് കഴിയുകയും ചെയ്തു.ആറ്റിങ്ങല്‍ മുതലായ മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ബി.ജെ.പി കൈവരിച്ചത്. എന്നാല്‍ ഒരു സീറ്റില്‍ പോലും താമര വിരിയിക്കാനായില്ല എന്നത് പാര്‍ട്ടിക്ക് ക്ഷീണമാവുകയും ചെയ്തു.
അതേ സമയം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ശബരിമല വിഷയത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വികാരവും വിശ്വാസികള്‍ക്കിടയിലുണ്ട്. ഇതിന് പുറമേയാണ് കൊല്ലം മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ശബരിമലവിഷയത്തെ സ്വകാര്യ ബില്ലാക്കി ലോക്സഭയില്‍ കൊണ്ട് വന്നു കൈയ്യടി നേടിയത്. തുടക്കത്തില്‍ ബില്ലിന് പിന്തുണ വാഗ്ദാനം ചെയ്ത ബി.ജെ.പിയുടെ ആവേശം പിന്നീട് ചോരുന്ന കാഴ്ചയാണ് കാണാനായത്. ഇതിന് പുറമേ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് സുപ്രീം കോടതി വിധിയെ മറികടന്ന് ഓര്‍ഡിനനന്‍സ് കൊണ്ട് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതും ബി.ജെ.പി സംസ്ഥാന ഘടകത്തിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സംസ്ഥാന ഘടകത്തിന് അനുകൂലമല്ല.
അടുത്തുതന്നെ ആറ് നിയമസഭ മണ്ഡലങ്ങളിലടക്കം ഉപതിരിഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഇതില്‍ വട്ടിയൂര്‍ക്കാവ്,കോന്നി,മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ബി.ജെ.പി ജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നുമുണ്ട്. എന്നാല്‍ ശബരിമലവിഷയത്തില്‍ ലോക്സഭയില്‍ കിട്ടിയ ആനുകൂല്യം ഉപതിരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്കയും പാര്‍ട്ടിയിലെ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
