ഭര്‍ത്താവ് ബിനോയ്‌, ബിഹാറി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പുറത്ത്

മുംബൈ: ബിനോയ്‌ക്കെതിരെ തെളിവായി പരാതി നല്‍കിയ യുവതിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. അതേസമയം ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി തിങ്കളാഴ്ച വിധി പറയും.

മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുമുണ്ട്. ഈ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബനോയിയുടെ പേരുള്ളത്. ബിനോയ് തന്റെ ഭര്‍ത്താവാണെന്ന് യുവതി തന്നെ മുമ്ബ് വെളിപ്പെടുത്തിയിരുന്നു. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ അടക്കമാണ് യുവതി പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. മാത്രമല്ല വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിന് ബാലകൃഷ്ണന്‍ എന്ന് തന്നെയാണുള്ളത്.

കേസില്‍ ബിനോയ് കൊടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു എന്നതാണ് വിവരം. തെളിവിന്റെ ഭാഗമായി ബാങ്ക് ഇടപാടിന്റെ രേഖകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. ബാങ്ക് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്.

യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ പോലീസിന് കൈമാറിയത്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. ഇതോടെ ബിനോയിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യത്തിന് കൂടുതല്‍ ബലം നല്‍കും. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനിരിക്കെയാണ് തെളിവുകള്‍ കൂടുതല്‍ ബിനോയിക്കെതിരെ വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *