കനത്ത മഴ: വാഷിങ്ടന്‍ വെള്ളത്തില്‍ മുങ്ങി, വൈറ്റ് ഹൗസിലും വെള്ളം കയറി

വാഷിങ്ടന്‍: കനത്ത മഴയില്‍ യുഎസ് തലസ്ഥാനമായ വാഷിങ്ടന്‍ ഡിസി വെള്ളത്തില്‍ മുങ്ങി. ഒരു മാസം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. അതാണ് തലസ്ഥാനത്തു വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈറ്റ് ഹൗസിലും വെള്ളം കയറി.

മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ആദ്യ ഒരു മണിക്കൂറിനകം നാലിഞ്ച് വെള്ളമാണ് ഉയര്‍ന്നത്. റോഡുകളിലും പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്നു റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നു പോലീസ് നിര്‍ദേശിച്ചു. നൂറുകണക്കിനു കുടുംബങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വൈറ്റ് ഹൗസിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെളിവെള്ളം ഒഴുക്കിക്കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ‘

പോട്ടോമാക് നദി കര കവിഞ്ഞതാണു വെള്ളപ്പൊക്കം ഗുരുതരമാകാന്‍ കാരണം. കനാല്‍ റോഡിനു സമീപം വാഹനങ്ങളുടെ മുകളില്‍ കയറിനിന്ന നിരവധിപേരെ രക്ഷിച്ചതായി ഡിസി ഫയര്‍ വക്താവ് വിറ്റോ മഗിയോളോ പറഞ്ഞു. മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *