ജയ് ശ്രീറാം വിളിപ്പിച്ച്‌ ആക്രമണം; പ്രധാനമന്ത്രിക്ക് സിനിമാപ്രവര്‍ത്തകരടക്കം 49 പേര്‍ ഒപ്പിട്ട കത്ത്

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്തായി രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത്.നടിഅപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

പ്രിയപ്പെട്ട പ്രധാനമന്ത്രി, മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. 2016-ല്‍ 840-ല്‍ അധികം നിഷ്ടൂരമായ ആക്രമങ്ങള്‍ ദളിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്ന ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നു.

ഖേദകരമെന്ന് പറയട്ടെ, ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറുകയും ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍തടയണമെന്ന് ആവശ്യപ്പെടുന്നു.

ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാകില്ല. ഒരു ഭരണകക്ഷിയും അവര്‍ ഭരിക്കുന്ന രാജ്യത്തിന്റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി തുലനം ചെയ്യാനാവില്ല. വിയോജിപ്പുകള്‍ എതിര്‍ക്കപ്പെടാത്തതുറന്ന അന്തരീക്ഷത്തില്‍ മാത്രമേശക്തമായ ഒരു രാഷ്ട്രത്തെ വാര്‍ത്തെടുക്കാനാവൂ എന്നും കത്തില്‍ പറയുന്നു.

തങ്ങളുടെ നിര്‍ദേശങ്ങള്‍ അവയുടെ സദുദ്ദേശത്തോടെതന്നെ കാണുമെന്ന് കരുതുന്നതായുംരാജ്യത്തിന്റെ ഗതിയെകുറിച്ച്‌ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും കത്തില്‍ പറയുന്നു.ചലച്ചിത്ര പ്രവര്‍ത്തകരായ അനുരാഗ് കാശ്യപ്, മണി രത്‌നം, സാമൂഹിക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു, എഴുത്തുകാരന്‍ അമിത് ചൗധരി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *