തെഹ്‌റാന്‍/ ബിയറിറ്റസ്
അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെല്ലാം അവസാനിപ്പിച്ചിട്ടുമതി പരസ്പരമുള്ള കൂടിക്കാഴ്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ മറുപടി. ഫ്രാന്‍സിലെ ജിഏഴ് ഉച്ചകോടിക്കിടെയാണ് ഇറാനുമായി ചര്‍ച്ചനടത്താനുള്ള സന്നദ്ധത ട്രംപ് പ്രകടിപ്പിച്ചത്.
തുറന്ന മനസ്സോടെയുള്ള കൂടിക്കാഴ്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച ഉപരോധമെല്ലാം എടുത്തുകളയണം. ആണവായുധം വികസിപ്പിക്കുക എന്ന അമേരിക്കയെ എക്കാലത്തും ഭയപ്പെടുത്തുന്ന പരിപാടി വേണ്ടെന്ന് ഇറാന്‍ മുമ്ബേ തീരുമാനിച്ചതാണ്. അക്കാര്യം ഇറാന്റെ പരമാധികാരി അയത്തുള്ള അലി ഖമനേയിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഉപരോധം അവസാനിപ്പിക്കുകയാണ് ആദ്യ ചുവട്. അതോടെ മറ്റെല്ലാതാഴുകളും തുറക്കപ്പെടും.- ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ റൂഹാനി പറഞ്ഞു.
ഇറാന്‍ അണുവായുധം വികസിപ്പിക്കില്ലെന്ന് ഖമനേയി 2003ല്‍ ഫത്‌വ ഇറക്കിയിരുന്നു. ഇറാനുമായി ലോകരാഷ്ട്രങ്ങള്‍ ഒപ്പിട്ട ആണവക്കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. ഖമനേയിക്കും ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവേദ് ഷരീഫ് അടക്കമുള്ളവര്‍ക്ക് യാത്രാവിലക്ക് അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഫ്രാന്‍സിന്റെ പ്രത്യേക ക്ഷണപ്രകാരം ജാവേദ് ഷരീഫ് ജി7 ഉച്ചകോടിയില്‍ പങ്കെടുത്തു. വരും ആഴ്ചകളില്‍തന്നെ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് ട്രംപ് ഉച്ചകോടിക്കിടെ പ്രതികരിച്ചത്.
