തിരുവന്തപുരം : കേരളത്തിന്റെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) കരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് സംസ്ഥാനങ്ങളുമായും പാര്‍ലമെന്‍റിലും ചര്‍ച്ച ചെയ്യണമെന്ന് യോഗത്തിന് ശേഷം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആര്‍.സി.ഇ.പി കരാര്‍ വന്നാല്‍ ക്ഷീര, സുഗന്ഡ വ്യഞ്ജന, കശുവണ്ടി, സമുദ്രോത്പന്ന, പൗള്‍ട്രി മേഖലകളെ പ്രതികൂലമായി ബാധിക്കും. കരാറിന്റെ കാര്യത്തില്‍ നേരത്തെ സംസ്ഥാന കാബിനറ്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. നിയമസഭയും ചര്‍ച്ച ചെയ്തു. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും തുടര്‍ന്ന് നടപടിയുണ്ടായില്ല. കരാറിലൂടെ ഇന്ത്യ പോലുള്ള രാജ്യം ഒരു മാര്‍ക്കറ്റായി മാറുന്നതിലൂടെ കര്‍ഷകരുടെ നിലനില്‍പ്പ് അപകടത്തിലാകും.
വെള്ളം കൂടുതല്‍ ഉപയോഗിക്കുന്ന വിളകള്‍ക്ക് കൃഷി സബ്സിഡി നല്‍കില്ലെന്ന നിതി ആയോഗ് തീരുമാനം ശാസ്ത്രീയമായ നിലപാടല്ല. നെല്‍കൃഷി പോലുള്ളവയില്‍നിന്നുള്ള ഉത്പാദനം മാത്രമല്ല, ഭൂഗര്‍ഭ ജലത്തിന്റെ അളവിലും വര്‍ധനവുണ്ടാക്കുന്നുണ്ട്. വെള്ളം കയറി കൃഷി നശിച്ചാല്‍ ഇന്‍ഷുറന്‍സ് നല്‍കില്ലെന്ന നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷര്‍ക്കുള്ള കുടിശ്ശിക നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. 2020 മാര്‍ച്ച് 31ന് മുമ്ബ് കൃഷി വകുപ്പ് പൂര്‍ണമായി ഇ-ഗവേണന്‍സിലേക്ക് വരും. പ്രകൃതിദുരന്തങ്ങളുണ്ടാക്കുന്ന നഷ്ടം അതത് ദിവസം അപ്ഡേറ്റ് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാനും നടപടി സ്വീകരിക്കും.
കേരളത്തിലെ കൃഷിക്കാരെ പൂര്‍ണമായി ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. എല്ലാ കൃഷിക്കാര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാനും അതിന്റെ ആനുകൂല്യങ്ങള്‍ നേടാനും നടപടിയെടുക്കും.
കാര്‍ഷികമേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളുണ്ടാകും. ഇതിനായി കാര്‍ഷിക മേഖലയുടെ ഘടനയില്‍ത്തന്നെ മാറ്റം വരുത്തും. വിവിധ അഗ്രോ-ഇക്കോളജിക്കല്‍ സോണുകളായി തിരിച്ച് അവിടുത്തെ പ്രത്യേകതകള്‍ അനുസരിച്ച് കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള നടപടികളുണ്ടാകും. കാര്‍ഷിക ക്ഷേമ ബോര്‍ഡ് ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇത് കാര്‍ഷികമേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു
