ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തേമസിനെ സസ്‌പെന്‍ഷനില്‍ ഏറെക്കാലം പുറത്തു നിര്‍ത്താനാകില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്നാണ് തിരിച്ചെടുക്കാമെന്നുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം വാക്കാല്‍ ചോദിച്ചതിനു പിന്നാലെയാണ് തിരിച്ചെടുക്കാമെന്നുള്ള ആഭ്യന്തര വകുപ്പിന്റെ ഫയല്‍.

എന്നാല്‍ ഇത് കോടതിയലക്ഷ്യത്തെ നേരിടാനുള്ള നീക്കമായും വിലയിരുത്താം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. അപ്പീല്‍ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനില്‍ക്കുന്നതും ആഭ്യന്തര സെക്രട്ടറി കൈമാറിയ ഫയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

മൂന്നുമാസം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയം വിരമിക്കല്‍ അപേക്ഷ അനുവദിക്കാനാവില്ലെന്നു കേന്ദ്രം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. വിആര്‍എസ് നല്‍കാനാവില്ലെന്നായിരുന്നു സംസ്ഥാനത്തിന്റേയും നിലപാട്.

അദ്ദേഹത്തിനെതിരെയുള്ള വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസുകളുടെയും സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കേസിലുള്ള സസ്‌പെന്‍ഷന്റെയും രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനു നല്‍കിയിരുന്നു. തിരിച്ചെടുക്കാന്‍ തീരുമാനിച്ചാലും വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസുകള്‍ ചൂണ്ടികാട്ടി അപ്രധാന പദവികള്‍ നല്‍കുമെന്നാണ് സൂചന. 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *