രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചും ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും; മരണത്തെ വിളിച്ചു വരുത്തുന്ന സ്വര്‍ണ്ണക്കടത്ത് രീതി

കരിപ്പൂര്‍: സ്വര്‍ണക്കടത്തു തടയാന്‍ ആധുനിക യന്ത്രങ്ങളുമായി വിമാനത്താവളങ്ങള്‍ ഉണര്‍ന്നിരിക്കുമ്ബോള്‍, ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിക്കുന്ന പഴയകാല കടത്തു രീതിയുമായി കള്ളക്കടത്തു സംഘങ്ങള്‍. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തില്‍ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയ കേസുകളില്‍ ഏറെയും ഇങ്ങനെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചവയാണ്.

സ്വര്‍ണത്തരികള്‍ മറ്റു ചില പൊടികള്‍ക്കൊപ്പം കുഴമ്ബുരൂപത്തിലാക്കുന്നതാണ് ആദ്യഘട്ടം. ഈ സ്വര്‍ണ മിശ്രിതം ഗര്‍ഭനിരോധന ഉറകള്‍ക്കുള്ളില്‍ കെട്ടിയ നിലയിലാണ് ഒളിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവ യന്ത്രങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നതിനു തെളിവാണ് അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവുമായെത്തിയ യുവാവ് പൊലീസിനു നല്‍കിയ പരാതി സൂചിപ്പിക്കുന്നത്.

പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. രഹസ്യമായി ചോര്‍ത്തിക്കിട്ടുന്ന വിവരങ്ങളാണു കസ്റ്റംസ് വിഭാഗങ്ങള്‍ക്ക് ഇവരെ പിടികൂടാനുള്ള പ്രധാന മാര്‍ഗം. അല്ലെങ്കില്‍ സംശയം തോന്നി ചോദ്യം ചെയ്യുമ്ബോള്‍ കിട്ടുന്ന സൂചനകള്‍.

സ്വര്‍ണക്കടത്തു സംഘങ്ങളുടെ പ്രലോഭനങ്ങളില്‍ വീണ് സ്വര്‍ണം കടത്താനായി നാട്ടില്‍നിന്നു വിദേശ രാജ്യങ്ങളില്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാട്ടിലേക്കു മടങ്ങുന്ന യാത്രക്കാര്‍ക്കു ടിക്കറ്റും പ്രതിഫലവും നല്‍കി വലയിലാക്കുന്നതു വേറെയും. ഇറക്കുമതി നികുതിയും സ്വര്‍ണ വിലയും വര്‍ധിച്ചതോടെ കള്ളക്കടത്ത് കൂടി. അതു തടയാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്തു രീതിയാണ് ശരീരത്തില്‍ ഒളിപ്പിച്ചും വിഴുങ്ങിയുമുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കള്ളക്കടത്തു സംഘത്തില്‍പ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചവരാണ് യാത്രക്കാരുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിക്കുക. യാത്രയുടെ നിശ്ചിത സമയത്തിനു മുന്‍പായിരിക്കും അത്. പിന്നീടു ഭക്ഷണം കഴിക്കരുതെന്നാണ് നിര്‍ദേശം. വെള്ളം മാത്രമേ കുടിക്കാനാകൂ. എന്നാല്‍, ഇവരില്‍ ചിലര്‍ വിമാനത്താവളത്തിലെത്തുമ്ബോള്‍, ഛര്‍ദ്ദി, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംശയം തോന്നി പിടിക്കപ്പെട്ടാല്‍ എക്സ്റേ എടുത്ത് ഉറപ്പുവരുത്തും. പലപ്പോഴും ആശുപത്രികളില്‍ എത്തിച്ചാണ് സ്വര്‍ണം പുറത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *