കൊച്ചി: ചെക്ക് കേസിന് പിന്നില്‍ സി.പി.എം. ആണെന്ന ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തള്ളി തുഷാര്‍ വെള്ളാപ്പള്ളി. കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.യൂസഫലി, മാതാ അമൃതാനന്ദമയി അടക്കമുള്ളവരും പ്രവാസികളും തന്നെ സഹായിച്ചുവെന്നും തുഷാര്‍പറഞ്ഞു.ദുബായില്‍നിന്ന് തിരിച്ചെത്തിയ ശേഷം ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
നാസിലിന്റെ പിന്നിലുള്ളവരെ തനിക്കറിയാമെന്നും നാസിലിനെതിരെ കേസ് കൊടുക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം മാപ്പുപറഞ്ഞാല്‍ കേസ് നല്‍കുന്നതില്‍നിന്ന് പിന്‍വാങ്ങാമെന്നും തുഷാര്‍ പറഞ്ഞു.
അജ്മാനിലെ ചെക്ക് കേസില്‍ സത്യം പുറത്തുവന്നതോടെ സംഭവം ജാതീയ പ്രശ്നമാക്കി മാറ്റാന്‍ ശ്രമിച്ചു.നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസ് കള്ളക്കേസാണെന്നും വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് കേസ് നല്‍കിയതെന്നും കോടതിക്ക്ബോധ്യപ്പെട്ടു.
ചെക്ക് കേസിലെ സത്യാവസ്ഥകള്‍ പ്രോസിക്യൂട്ടറെ അറിയിച്ചു. ഒരുമില്യണ്‍ ദിര്‍ഹം നല്‍കി ജാമ്യത്തിലിറങ്ങാമെന്ന് കോടതി പറഞ്ഞു. ഉടന്‍തന്നെ എം.എ.യൂസഫലി ഉള്‍പ്പെടെയുള്ളവരുടെ സഹായംകൊണ്ട് പണം കെട്ടിവെച്ച് ജാമ്യത്തിലിറങ്ങി. ഇതിനിടെ പഴയ കമ്ബനിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നാസിലിന് കൊടുത്ത ചെക്കുകളുടെ കണക്കുകളും കോടതിയില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ നാസില്‍ പണം ഇങ്ങോട്ടുതരാനാണുള്ളത്. കരാറിന് വിരുദ്ധമായാണ് കമ്ബനി പല പ്രവര്‍ത്തികളും നടത്തിയത്.
നാസില്‍ നല്‍കിയ കള്ളരേഖകളുടെ പകര്‍പ്പ് ലഭിച്ചതോടെ സത്യം പുറത്തുവന്നു. തുടര്‍ന്ന് സംഭവം ജാതീയ പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. ഇതിനിടെ നാസിലിന്റെ ശബ്ദരേഖയും പുറത്തുവന്നു. അത് നാസിലും സമ്മതിച്ചാണ്. കോടതി കേസ് തള്ളിയിട്ടും തനിക്കെതിരെ സിവില്‍കേസുണ്ടെന്നും മറ്റും ചിലര്‍ പ്രചരിപ്പിച്ചു -തുഷാര്‍ വിശദീകരിച്ചു.
തന്നെ സഹായിച്ചതിന്റെ പേരില്‍ എം.എ.യൂസഫലിക്ക് നേരെയും ആക്ഷേപമുയര്‍ന്നതായും തുഷാര്‍ പറഞ്ഞു.എല്ലാവര്‍ക്കും സഹായം നല്‍കുന്നയാളാണ് യൂസഫലി.അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്. സമുദായം നോക്കി സഹായിക്കുന്ന വ്യക്തിയല്ല അദ്ദേഹം. എല്ലാവര്‍ക്കും സഹായം ചെയ്യുന്ന വ്യക്തിയാണ്. ശിവഗിരി ഉള്‍പ്പെടെ പലയിടത്തും അദ്ദേഹം നേരത്തെ സഹായം ചെയ്തിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.പോലീസ് കസ്റ്റഡിയില്‍ കഴിയാനുള്ളത് തന്റെ തലയിലെഴുത്താണെന്ന് നേരത്തെ പറഞ്ഞതാണെന്നും തുഷാര്‍ വ്യക്തമാക്കി.
