‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’, ഗുരുവായൂരെത്തിയ പിണറായി വിജയന്റെ ചോദ്യം ചെയര്‍മാന്‍ മോഹന്‍ദാസിനോടായിരുന്നു

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’. ഈ ചോദ്യം ഗുരുവായൂര്‍ നടയില്‍ നിന്നാണ്. ഇതാരാപ്പാ ഈ ചോദ്യം ചോദിക്കുന്നതെന്നാണ് മനസില്‍ വന്നതെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നായിരിക്കും ഉത്തരം. ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം ടെമ്ബിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെത്തിയത്. റക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ ക്ഷേത്രനടയ്ക്കരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിനരികില്‍ തെക്കേ ഗോപുരനടയില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഗുരുവായൂര്‍ പത്മനാഭനും വലിയകേശവനും ഇന്ദ്രസെനും അടങ്ങിയ ആനത്രയമുണ്ടായിരുന്നു.

പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ വരവ്. ഗുരുവായൂര്‍ അമ്ബലനടയില്‍ ആദ്യമായാണ് പിണറായി വിജയനെത്തിയത്. നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് മുഖ്യമന്ത്രിയെ ഇടതുകൈ പിടിച്ച്‌ കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. കിഴക്കേ ഗോപുരനടയിലെ ദീപസ്‌തംഭത്തിനരികില്‍ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി, ക്ഷേത്രകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണെന്ന് താന്‍ പറഞ്ഞപ്പോഴാണ് തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചതെന്ന് മോഹന്‍ദാസ് പറഞ്ഞു.

ഗുരുവായൂരെന്നത് ഭക്തര്‍ക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നുമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *