മലപ്പുറം: പഞ്ചായത്തിലെ യു ഡി എഫിലെ ഭിന്നതകള്‍ നിയമസഭയില്‍ പ്രതിഫലിക്കുമോയെന്ന ചര്‍ച്ചയാണ് വണ്ടൂര്‍ മണ്ഡലത്തില്‍ നടക്കുന്നത്. ജില്ലയില്‍ ആകെയുള്ള 16 സീറ്റുകളില്‍ നാലെണ്ണത്തിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ഇതില്‍ പൊന്നാനിയിലും തവനൂരിലും ലീഗുകാര്‍ കാലുവാരില്ലെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെങ്കിലും നിലമ്പൂരിലെയും വണ്ടൂരിലെയും കാര്യം അങ്ങിനെയെല്ല. രണ്ടിടത്തും ലീഗ് പ്രാദേശിക നേതാക്കള്‍ അടവുനയം പയറ്റുമോ എന്ന പേടി കോണ്‍ഗ്രസിനുണ്ട്. ഇതിനു കാരണം തദ്ദേശ തെരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങളാണ്. പിന്‍ഗാമിയായി മകനെ കൊണ്ടുവരാന്‍ തീരുമാനിച്ച നിലമ്പൂരില്‍ തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന് മുമ്പ് ആര്യാടന്‍ മുഹമ്മദ് നയതന്ത്ര നീക്കത്തിലൂടെ ലീഗുകാരുടെ വിരോധത്തിന് തടയിട്ടിട്ടുണ്ട്. എന്നാല്‍ വണ്ടൂരില്‍ അങ്ങിനെയല്ല സ്ഥിതി. ജില്ലയില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം മൂലം യു.ഡി.എഫിന് പഞ്ചായത്തുകളുടെ ഭരണം നഷ്ടപ്പെട്ട മേഖലയാണ് വണ്ടൂര്‍. സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ വീണ്ടൂം ജനവിധി തേടുന്ന വണ്ടൂരില്‍ യു.ഡി.എഫിലെ ഭിന്നത മൂലം ഇടതുമുന്നണി അട്ടിമറി വിജയം നേടുമോ എന്ന ആശങ്കകള്‍ ഐക്യമുന്നണിയുടെ പാളയത്തിലുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് യു ഡി എഫ്പാളയത്തില്‍ നിന്ന് കേള്‍ക്കുന്നത്. എത്രത്തോളമെന്നത് ഈ തെരഞ്ഞെടുപ്പ് ഫലം പറയും. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് സംവരണ മണ്ഡലമായ വണ്ടൂര്‍. തെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ ഒരിക്കല്‍ മാത്രമാണ് ഇടതുമുന്നണിക്ക് ഈ മണ്ഡലം പിടിക്കാനായത്. 1977 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ 1995 ല്‍ വണ്ടൂര്‍ക്കാരന്‍ തന്നെയായ സി.പി.എമ്മിലെ എന്‍.കണ്ണനാണ് യു.ഡി.എഫിനെ ഞെട്ടിച്ച് വിജയക്കൊടി പാറിച്ചത്. ആ തെരഞ്ഞെടുപ്പൊഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്റെ പ്രമുഖരായ പല നേതാക്കളും ഇവിടെ നിന്ന് ജയിച്ചു കയറി, മന്ത്രിമാരുമായി. അടുത്തടുത്തു കിടക്കുന്ന വണ്ടൂരിനും നിലമ്പൂരിനും യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ മന്ത്രിമാരെ കിട്ടിയിട്ടുമുണ്ട്. എ.പി.അനില്‍കുമാറിന് മുമ്പ് പന്തളം സുധാകരന്‍ മന്ത്രിയായി. അനില്‍കുമാര്‍ മൂന്നു തവണ ഇവിടെ വിജയംകണ്ടു. ടൂറിസം മന്ത്രിയെന്ന നിലയില്‍ അദ്ദേഹം മലപ്പുറം ജില്ലയിലും വണ്ടൂരില്‍ പ്രത്യേകിച്ചും നടപ്പാക്കിയ പല പദ്ധതികളും ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്. കുറച്ചു കാലമായി മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ സൗന്ദര്യപിണക്കത്തിലാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇത് മുന്നണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥികളായി എത്തുമ്പോള്‍ വന്‍തോതില്‍ വോട്ടു ചോര്‍ന്നയുണ്ടാകുന്നത് ഇവിടെ പതിവായിരിക്കുന്നു. എന്നാല്‍ മുസ്്‌ലിം ലീഗുമായി നല്ല ബന്ധം കാത്തുപോരുന്നതാണ് അനില്‍കുമാറിനുള്ള ആശ്വാസം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28912 വോട്ടുകളുടെ വലിയ മാര്‍ജിനിലാണ് എ.പി.അനില്‍കുമാര്‍ വിജയിച്ചത്. അനില്‍കുമാറിന് 77580 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരാളി സി.പി.എമ്മിലെ വി.രമേശന് ലഭിച്ചത് 48661 വോട്ടുകളാണ്. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ 2885 വോട്ടുകളും.കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ്.
ലോക്്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ വണ്ടൂര്‍ മേഖലയില്‍ നിന്ന് യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം കുറവായിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂരില്‍ നിന്ന് എം.ഐ. ഷാനവാസിന് ലഭിച്ചത് 12267 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ബി.ജെ.പി. ലോക്‌സഭയിലേക്ക് 10571 വോട്ടുകള്‍ പിടിച്ചതാണ് ശ്രദ്ധേയം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.വി.അന്‍വര്‍ 8636 വോട്ടുകള്‍ വണ്ടൂരില്‍ നിന്ന് പിടിച്ചത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് വണ്ടൂരില്‍ യു.ഡി.എഫിലെ ഭിന്നത മറനീക്കി പുറത്തു വന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എട്ടുപഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തിലും ഭരണം ഇടതുമുന്നണിക്ക് ലഭിച്ചത് യുഡി.എഫിനെ ആശങ്കപ്പെടുത്തുന്നതാണ്. വണ്ടൂര്‍,കരുവാരകുണ്ട്,മമ്പാട് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭരണമുള്ളത്. യു.ഡി.എഫിന്റെ ശക്തകേന്ദ്രങ്ങളായിരുന്ന ചോക്കാട്,പോരൂര്‍,കാളിക്കാവ് പഞ്ചായത്തുകളില്‍ ഇത്തവണ ലീഗും കോണ്‍ഗ്രസും ഇടഞ്ഞതോടെ യു.ഡി.എഫിന് ഭരണമില്ലാതായി. തുവ്വൂര്‍,കരുവാരകുണ്ട് പഞ്ചായത്തുകളിലും ഇടതിനാണ് ഭരണം. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുമുന്നണി നേട്ടമുണ്ടാക്കി. കടുത്ത പോരാട്ടം നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും കടുത്ത വെല്ലുവിളിയുണ്ടായി.
കര്‍ഷക കുടുംബങ്ങളുടെ വോട്ടുകള്‍ ഏറെയുള്ള വണ്ടൂരില്‍ കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയമാണ്. എന്നാന്‍ അനില്‍കുമാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ഏറെ സഹായകമാകും. സി.പി.എം സ്ഥാനാര്‍ഥിയായി ഇത്തവണ മല്‍സരിക്കുന്നത് തുവ്വൂര്‍ പഞ്ചായത്ത് മുന്‍അംഗം കെ.നിഷാന്ത് ആണ്. പ്രാദേശിക സ്ഥാനാര്‍ഥിയെന്ന പ്രചാരണവുമായാണ് നിഷാന്ത് വോട്ട് പിടിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥിയും മല്‍സരരംഗത്തുണ്ട്.
