കുഞ്ഞിന്റെ തലയ്‌ക്ക്‌ അസാധാരണ വളര്‍ച്ച: അമ്മയുടെ ജീവന് ഭീഷണി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗര്‍ഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാല്‍ 20 ആഴ്ചകള്‍ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ (ഐവിഎഫ്) ധരിച്ച ഗര്‍ഭം തുടരുന്നതും പ്രസവിക്കുന്നതും അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് കൊല്ലം കോട്ടയ്‌ക്കകം സ്വദേശിനിക്ക് അനുകൂലമായി ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉത്തരവിറക്കിയത്. ഗര്‍ഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനുവേണ്ടി ഹാജരായ ഗവ. പ്ലീഡര്‍ ബി വിനീതാ ഹരിരാജ് കോടതിയില്‍ ഹാജരാക്കി. പക്ഷേ, ഹര്‍ജിക്കാരി നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് അപകടസാധ്യത സ്വയം നേരിടണമെന്ന ഉപാധിയോടെ ഗര്‍ഭം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് ഐവിഎഫ് ട്രീറ്റ്മെന്റിലൂടെ ഹര്‍ജിക്കാരി ഗര്‍ഭം ധരിച്ചത്. സെപ്തംബര്‍ രണ്ടിന് സ്കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ തല അസാധാരണമാംവിധം വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയും ഇത് സ്ഥിരീകരിച്ചു. ഗര്‍ഭം തുടരുന്നത് യുവതിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും മരണത്തിനുവരെ കാരണമായേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഗര്‍ഭം തുടര്‍ന്നാലും കുഞ്ഞ് വൈകല്യത്തോടെ ജനിക്കാനുള്ള സാധ്യതയാണുള്ളതെന്നും ബോധ്യപ്പെടുത്തി. നിയമപരമായി ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കപ്പെട്ട 20 ആഴ്ച തികയുന്നതിനുമുമ്ബ് സെപ്തംബര്‍ അഞ്ചിനാണ് യുവതി തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെത്തിയത്. എന്നാല്‍, പരിശോധനകളും മറ്റും കഴിഞ്ഞപ്പോള്‍ 20 ആഴ്ച കഴിഞ്ഞു. 20 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ അനുവദനീയമല്ലെന്നാണ് 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്‌നന്‍സി ആക്‌ട് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഗര്‍ഭിണിയായി തുടരുന്നത് ജീവന്‍ അപകടത്തിലാക്കിയേക്കാമെന്നും പ്രസവം നടന്നാലും കുഞ്ഞിനും അമ്മയ്‌ക്കും ജീവഹാനിവരെ ഉണ്ടാക്കിയേക്കാമെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ആശുപത്രി അധികൃതര്‍ നിലപാടെടുത്തതെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. തുടര്‍ന്നാണ് ഗര്‍ഭം അലസിപ്പിക്കുന്ന നടപടി സങ്കീര്‍ണമാണെന്നും അപകടകരമാണെന്നുമുള്ള അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യം ഹര്‍ജിക്കാരിയുടെ ബന്ധുക്കളെയും അറിയിച്ചു. എന്നാല്‍, നടപടിക്ക് തയ്യാറാണെന്ന് അവരും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്‌. ഗര്‍ഭം 20 ആഴ്ച കഴിഞ്ഞാല്‍ അലസിപ്പിക്കല്‍ അനുവദനീയമല്ലെന്ന് ആക്ടില്‍ പറയുന്നുണ്ടെങ്കിലും അനിവാര്യഘട്ടങ്ങളില്‍ ആവാമെന്ന സുപ്രീംകോടതിവിധികള്‍ കോടതി പരിഗണിച്ചു. ഗര്‍ഭധാരണം നടന്നിട്ട് 21 ആഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നതും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *