ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അമ്ബതു ദിവസമായി കശ്‌മീര്‍ ജനതക്ക് സ്വതന്ത്രമായി യാത്രചെയ്യാനോ മൊബൈല്‍ ഉപയോഗിക്കാനോ, സ്‌കൂളിലോ ആശുപത്രിയിലോ പോകാനോ സാധിക്കുന്നില്ല. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്‌മീരിന്റെ പുരോഗതിക്കാണിതെന്നാണ് ബിജെപി പറയുന്നത്. 75 ലക്ഷം ജനങ്ങള്‍ക്കാണ് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. കശ്‌മീര്‍ രാജ്യത്തിന് നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും കാരാട്ട് പറഞ്ഞു. പാട്യം ഗോപാലന്‍ ചരമദിനത്തോടനുബന്ധിച്ച് പാട്യം മിനി സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി അധികാരത്തിലെത്തി നാലു മാസത്തിനിടയില്‍ അപകടകരമായ നടപടികളാണ് ഒന്നിനുപിറകെ ഒന്നായി സ്വീകരിക്കുന്നത്. ഒന്നാം മോഡി സര്‍ക്കാരിനേക്കാള്‍ അക്രമോത്സുകമായ നയങ്ങളാണെല്ലാം. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം വെല്ലുവിളിക്കപ്പെടുകയാണ്. ഹിന്ദുത്വ അജന്‍ഡയാണ് രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത്. ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ്, ഒരു ജനത എന്ന മുദ്രാവാക്യം ഇതിന്റെ ഭാഗമാണ്. ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ അടിത്തറയാണ് തകര്‍ക്കുന്നത്. ആര്‍എസ്‌എസ് ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്-കാരാട്ട് പറഞ്ഞു.
ബിജെപിയെ രാഷ്ട്രീയമായി എതിരിടാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും ഇടതുപക്ഷവും സിപിഐ എമ്മും മാത്രമാണ് കേന്ദ്രനയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. പ്രധാന പ്രശ്‌നങ്ങളില്‍ പ്രതിപക്ഷ പാര്‍ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ഇടപെടാനാവുന്നില്ല. കശ്‌മീര്‍ വിഷയം പാര്‍ലമെന്റിലെത്തിയപ്പോള്‍ ഇത് വ്യക്തമായി. ബിജെപി നയങ്ങളെ എതിര്‍ക്കുന്നതിനുപകരം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുകയാണ്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയും കള്ളക്കേസില്‍പ്പെടുത്തിയും ഭയപ്പെടുത്തുകയാണ്. തൊഴിലില്ലായ്‌മാ വേതനം അനുവദിക്കണമെന്നതടക്കം ആറിന അവകാശ പത്രിക മുന്നോട്ടുവച്ച് രാജ്യമാകെ പൊതുപ്രചാരണവും സമരങ്ങളും സംഘടിപ്പിക്കുമെന്ന് കാരാട്ട് പറഞ്ഞു.
