മുംബയ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരയ്ക്കാനുള്ള വിഷയങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ തീരങ്ങളില്‍ മുംബയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുംബയിലെ മസ്ഗാവോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്. ഖാന്ധേരി കമ്മീഷന്‍ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സ്വന്തമായി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും സിംഗ് പറഞ്ഞു.
‘ഖാന്ധേരി, കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യന്‍ സേന അങ്ങേയറ്റം കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സേനയ്ക്ക് ഇനിയും കരുത്ത് നല്‍കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സമാധാനം കെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി തിരിച്ചടിക്കും.’ ഇത് പറഞ്ഞതിന് ശേഷമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിഷയമുണ്ടാക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞത്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ സംസാരിച്ചതിന് ശേഷം ഒരു ദിവസം കഴിഞ്ഞായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന.
