പാകിസ്താനെ പരാമര്‍ശിക്കാതെ മോദിയുടെ പ്രസംഗം, ഇമ്രാന്‍ ഖാന്റെ പ്രസംഗം കശ്മീര്‍ പ്രശ്‌നത്തില്‍ ഊന്നി

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വികസന സ്വപ്‌നങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും എങ്ങനെ നടപ്പിലാക്കാമെന്നതിനെപ്പറ്റിയാണ്. ഒപ്പം തീവ്രവാദമെന്ന ആഗോളഭീഷണിയെപ്പറ്റിയും അതിനെതിരെ ഇന്ത്യയെടുക്കുന്ന നിലപാടുകളെപ്പറ്റിയും പ്രസംഗിച്ചു. മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് മോദി പറഞ്ഞു.

എന്നാല്‍ മോദിയുടെ പ്രസംഗത്തില്‍ ഒരിടത്തും കശ്മീര്‍ പ്രശ്‌നമോ, പാകിസ്താനുമായുള്ള സംഘര്‍ഷാവസ്ഥയോ പരാമര്‍ശിച്ചില്ല. പകരം, ഇന്ത്യ നടപ്പിലാക്കിയ പദ്ധതികളെപ്പറ്റിയാണ് പരാമര്‍ശിച്ചത്.

പിന്നാലെ പ്രസംഗിക്കാനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാവട്ടെ, മുഴുവനും പറഞ്ഞത് കശ്മീര്‍ പ്രശ്‌നവും ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുമാണ്. ആണവായുധങ്ങള്‍ വരെ ഉപയോഗിക്കുന്ന യുദ്ധമാവും വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് പ്രസംഗത്തില്‍ മുഴുവന്‍ ഇമ്രാന്‍ ഖാന്‍ ഊന്നിപ്പറഞ്ഞത്.

ബുദ്ധന്റെ സ്ഥലമെന്ന നിലയ്ക്ക്, ഇന്ത്യ ലോകത്തിന് സമാധാനമാണ് നല്‍കിയതെന്നും യുദ്ധമല്ലെന്നും മോദി പറഞ്ഞു. അതുകൊണ്ടാണ് തീവ്രവാദത്തെപ്പറ്റി ലോകത്തിന് മുന്നറിയിപ്പു നല്‍കുമ്ബോള്‍ ഞങ്ങളുടെ വാക്കില്‍ ആ ഗൗരവം വരുന്നതെന്നും മോദി പറഞ്ഞു. തീവ്രവാദം ഏതെങ്കിലുമൊരു രാജ്യം നേരിടുന്ന വെല്ലുവിളിയല്ലെന്നും ലോകം മൊത്തവും മനുഷ്യത്വവും നേരിടുന്ന വെല്ലുവിളിയാണതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *