ചിന്നക്കനാല്‍ അന്വേഷണസംഘത്തെ തിരിച്ചുവിളിച്ച നടപടി മന്ത്രി റദ്ദാക്കി

തൊടുപുഴ: ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച നടപടി റവന്യൂ മന്ത്രി റദ്ദാക്കി. അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. ഇവരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് ചിന്നക്കനാല്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തില്‍നിന്ന് തിരിച്ചുവിളിച്ചത്.

ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച്‌ ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്ബനിയുടെയും ആര്‍.ഡി.എസ്. കമ്ബനിയുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. ചിന്നക്കനാലില്‍ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയും നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. മൂന്നാറില്‍ എണ്‍പതിലധികം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്ബൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് രേണു രാജ് റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *