ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശനിയാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണം. രണ്ട് ഏറ്റുമുട്ടലുകളും ഒരു ഗ്രനേഡ് ആക്രമണവുമാണുണ്ടായത്. ഒരു ഭീകരനെ സൈന്യം വധിച്ചു.
റംബാന്‍ ജില്ലയിലെ ബതോതില്‍ മൂന്ന് ഭീകരവാദികള്‍ യാത്രാ ബസ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ഹൈവേയിലായിരുന്നു സംഭവം. ബസ് നിര്‍ത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ സംഭവം സുരക്ഷാ സേനയെ അറിയിച്ചു. തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഭീകരര്‍ ഒരു വീട്ടിലേക്ക് ഇരച്ചു കയറി താമസക്കാരെ തടഞ്ഞ് വെച്ചിരിക്കുകയാണ്. മേഖലയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കനത്ത മഴയുമുണ്ട്.
ഗണ്ടേര്‍ബാലിലാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെയാണ് സൈന്യം ഒരു ഭീകരനെ വധിച്ചത്.
ശ്രീനഗറിലെ ജനവാസ മേഖലയിലായിരുന്നു ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.
