സുപ്രീംകോടതിവിധി നടപ്പാക്കി; ഓര്‍ത്തഡോക്‌സ്‌ വിഭാഗം പിറവം പള്ളിയില്‍ പ്രവേശിച്ചു

കൊച്ചി : പിറവം സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ സുപ്രീം കോടതിവിധി നടപ്പാക്കി. കുര്‍ബാന നടത്താനെത്തിയ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. പള്ളി പരിസരത്ത്‌ ശക്തമായ പൊലീസ്‌ സന്നാഹം ഏര്‍പ്പെടുത്തി. യാക്കോബായ വിശ്വാസികള്‍ പള്ളിക്ക്‌ പുറത്ത്‌ പ്രതിഷേധം നടത്തിയെങ്കിലും പൊലീസ്‌ ഇടപെട്ട്‌ സ്ഥിതി ശാന്തമാക്കി.

പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികള്‍ക്കും പ്രാര്‍ഥനയില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലങ്കര മെത്രാപോലീത്ത നിയമിച്ച വികാരികളും പുരോഹിതരുമാണ് കുര്‍ബാനയ്‌ക്ക്‌ നേതൃത്വം നല്‍കേണ്ടതെന്ന് ജസ്റ്റിസുമാരായ എ എം ഷെഫീഖ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍വിഭാഗം തടയുന്നുവെന്ന്‌ ആരോപിച്ച്‌ ഓര്‍ത്തഡോക്സ് വിഭാഗം ട്രസ്റ്റി എം പി ബാബു നല്‍കിയ അപേക്ഷയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്‌.

കളക്ടര്‍ക്കു തന്നെയായിരിക്കും പള്ളിയുടെ നിയന്ത്രണം. ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷങ്ങളുണ്ടായാല്‍ അറസ്റ്റുചെയ്‌ത്‌ നീക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *