കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ട കേസില്‍ അമ്ബതിലേറെ പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് എന്‍.ഐ.എ. സംഭവത്തില്‍ എന്‍.ഐ.എയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഐഎന്‍എസ് വിക്രാന്തില്‍ 52 ജീവനക്കാരാണ് നിര്‍മാണ തൊഴില്‍ വിഭാഗത്തിലുള്ളത്. അതുകൊണ്ട് തന്നെ ഇവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
കമ്ബ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ പ്രവേശിക്കാനുള്ള അനുമതി ഇവര്‍ക്കു മാത്രമാണുള്ളത്. ഇവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്നാണ് സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള പ്രധാനഭാഗങ്ങള്‍ മോഷണം പോയത്. കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്തേക്ക് പ്രവേശനാനുമതിയുള്ള 52 പേര്‍ക്ക് പുറമെ, പുറത്തു നിന്നുള്ള ഏജന്‍സി ഏര്‍പ്പാടാക്കിയ 82 പേരും കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ.
നാവിക സേനയ്ക്കു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിയാണ് ഐഎന്‍എസ് വിക്രാന്ത്. അതിനാല്‍ സംഭവത്തിന് പിന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം ഉണ്ടോ എന്ന് അന്വേഷിക്കും. അട്ടിമറി സാധ്യത തള്ളികളയുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
