ആകാശം വഴിയോ ഭൂമിയിലൂടെയോ തിരിച്ചടിക്കും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനൊരു സന്ദേശമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് പാക്കിസ്ഥാന്‍. ജമ്മു കശ്മീരില്‍ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാക്കിസ്ഥാന്റെ നീക്കം. എന്നാല്‍ ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാക്കിസ്ഥാന്റെ വാദത്തെ അദ്ദേഹം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തങ്ങളുടെ നന്മക്കാണെന്ന് ഇപ്പോള്‍ അവിടെയുള്ള ഒരുപാട് ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കരസേനാ മേധാവി അത്തരം നീക്കങ്ങള്‍ വിജയകരമായ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *