ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്. തെക്കന്‍ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂര്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. 45 മുതല്‍ 55 കീലോമീറ്റര്‍ വേഗതയില്‍ കന്യാകുമാരി മേഖലയിലും ഗുജറാത്ത് തീരത്തും അതിനോട് ചേര്‍ന്നുള്ള വടക്കു-കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് മഴയോട് അനുബന്ധിച്ച് പകല്‍ രണ്ടുമുതല്‍ രാത്രി പത്തുവരെ ശക്തമായ മിന്നലിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ അതീവ ജാഗ്രതപുലര്‍ത്തണം.
മിന്നല്‍ സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കരുത്. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലും അടച്ചിടണം. മിന്നല്‍ ഏറ്റ ആളിന് പ്രഥമശുശ്രൂഷ നല്കാന് മടിക്കരുത്. ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഈ സമയങ്ങളില്‍ നില്‍ക്കരുത്. മൈക്ക് ഉപയോഗിക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം ഫോണ്‍ ഉപയോഗിക്കരുത്. ഈ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. വീടിനു പുറത്താണെങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
