മഹാരാഷ്ട്രയില്‍ ബിജെപിയെ കാത്ത് നില്‍ക്കാതെ ശിവസേന; സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത്

മുംബൈ: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് ഒന്നും സമയം നല്‍കാതെ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ച്‌ ശിവസേന. ബിജെപിയുമായുള്ള സഖ്യത്തില്‍ അന്തിമ തീരുമാനമാകും മുമ്ബാണ് ശിവസേന ആദ്യപട്ടിക പുറത്തുവിട്ടത്. നിലവില്‍ ബിജെപിയുമായി തര്‍ക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വരണാധികാരിക്ക് മുമ്ബില്‍ സമര്‍പ്പിക്കേണ്ട ഫോറം പാര്‍ട്ടി അധ്യക്ഷന്‍ കൈമാറുകയായിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും സംയുക്തമായി വാര്‍ത്തസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ബിജെപി തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഫോറം വിതരണം ചെയ്ത് സേന സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയായിരുന്നു.

ആഭ്യന്തര സഹമന്ത്രി ദീപക് കസേകര്‍ ഉള്‍പ്പെടെ ഏതാനും സിറ്റിങ് എംഎല്‍എമാര്‍ക്കാണ് ഉദ്ധവ് ഫോറം നല്‍കിയത്. അതേസമയം, മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാനടക്കം 51 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. എംപിസിസി അധ്യക്ഷന്‍ ബാലസാഹെബ് തൊറാട്ട്, പ്രതിപക്ഷ നേതാവ് കെസി പട്‌വി, സുശീല്‍കുമാര്‍ ഷിണ്ഡെയുടെ മകള്‍ പ്രണതി ഷിണ്ഡെ തുടങ്ങിയവരും പട്ടികയിലുണ്ട്. 125 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 125 സീറ്റുകളില്‍ എന്‍സിപിയും.

Leave a Reply

Your email address will not be published. Required fields are marked *