തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മരാമത്ത് പണികള്‍ ചെയ്തതിന്റെ കടം വീട്ടാനായി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ദേവസ്വം ബോര്‍ഡിന് എടുക്കേണ്ടി വന്നത്. 35 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തില്‍ നിന്നും ബോര്‍ഡ് എടുത്തത്, അതും പലിശയ്ക്ക്. ഇതോടുകൂടി സ്ഥിരനിക്ഷേപമായിരുന്ന ഈ തുകയുടെ പലിശയും ബോര്‍ഡിന് നഷ്ടമാകും.
സര്‍പ്ളസ് ഫണ്ട് അഥവാ സിങ്കിംഗ് ഫണ്ട് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് എല്ലാ വര്‍ഷവും ബോര്‍ഡ് നിക്ഷേപം നടത്താറുണ്ട്. ഇത് പ്രധാനമായും ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചുമായിരുന്നു നടന്നുവന്നിരുന്നത്. എന്നാല്‍ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം കുത്തനെ ഇടിവ് വന്നതോടെ എല്ലാം തകിടം മറിയുകയായിരുന്നു. ശബരിമലയ്ക്ക് പുറമെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലെ വരുമാനത്തിലും കുറവ് വന്നു. ബോര്‍ഡിന് 100 കോടി നല്കി സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അനുവദിച്ച 30 കോടി പോലും ഇതുവരെ കിട്ടിയിട്ടില്ല. തുടര്‍ന്നാണ് മറ്റുവഴികളില്ലാതെ നിക്ഷേപം പിന്‍വലിക്കേണ്ടി വന്നത്.
നടന്നത് ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനം
ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പൂജാച്ചെലവുകള്‍, ഭൂമി വാങ്ങല്‍, ക്ഷേത്രങ്ങളിലെ അത്യാവശ്യ കാര്യങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് സര്‍പ്ളസ് ഫണ്ട് ഉപയോഗിക്കേണ്ടത്. ഈ വ്യവസ്ഥ പാലിച്ചിരിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശവുമുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ ഇപ്പോഴത്തെ നടപടി.
