ഗുജറാത്ത് വംശഹത്യ: ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ ക്രൂരതയ്ക്കിരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ ഇത് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ജോലിയും താമസസൗകര്യവും ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ ഇരയാക്കപ്പെടുമ്ബോള്‍ ബില്‍ക്കിസ് ബാനുവിന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.ബന്ധുക്കളായ 14 പേരെ കണ്‍മുന്നിലിട്ട് കൊല്ലുകയായിരുന്നു.

മൂന്നുവയസ്സുകാരിയായ മകളെ സംഘപരിവാര്‍ അക്രമികള്‍ കല്ലില്‍ തലയടിച്ചു കൊന്നു. തുടര്‍ന്ന് 22 തവണ അവര്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഒടുവില്‍ ദണ്ഡുകൊണ്ട് തലയില്‍ ആഞ്ഞടിച്ച്‌ കുറ്റിക്കാട്ടിലേക്ക് ചവിട്ടി എറിയുകയായിരുന്നു

17 വര്‍ഷത്തെ നിയമപോരാട്ടത്തിലൊടുവിലാണ് കേസില്‍ ബില്‍ക്കിസ് ബാനുവിന് അനുകൂലമായ വിധിയുണ്ടായത്.”സര്‍ക്കാരിനെതിരെ ഉത്തരവില്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാല്‍ മതി” എന്നും കോടതി മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. ബലാത്സംഗത്തിനെതിരെ ബില്‍ക്കിസ് ബാനു നേരിട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരുകൊല്ലം കഴിഞ്ഞ് ബില്‍ക്കിസ് ബാനുവിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന വാദവുമായി പൊലീസ് മജിസ്‌ട്രേട്ട് കോടതിയിലെത്തി. കോടതി കേസ് തള്ളി.

പിന്നീട്‌ ബില്‍ക്കിസ് ബാനു ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കോടതിവിധിയനുസരിച്ച്‌ കേസ് സിബിഐ അന്വേഷിക്കുകായായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *