മസ്കറ്റ്: ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലേദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്തംബര്‍ 17നാണ് ഈ ബോട്ട് കടലില്‍ പോയിരുന്നത്. സെപ്തംബര്‍ 26നാണ് അപകടം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. അറബിക്കടലില്‍ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
