എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ട ഭൂമി; കെഎസ്‌ഇബി യുടെ പങ്ക് പുറത്ത്

തൊടുപുഴ: എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിന് ഭൂമി ലഭിച്ചത് കെഎസ്‌ഇബി യില്‍ നിന്ന്. ഇടുക്കി ജില്ലയില്‍ പൊന്‍മുടി അണക്കെട്ടിനു സമീപം കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമിയാണ് ക്രമവിരുദ്ധമായി വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു നല്‍കിയത്. സിപിഎം നിയന്ത്രണത്തിലുള്ള രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിനാണു പൊന്‍മുടി അണക്കെട്ടിനു സമീപത്തെ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്‍കിയത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.എ. കുഞ്ഞുമോനാണ് ബാങ്ക് പ്രസിഡന്റ്.

ഫെബ്രുവരി 28 നു ചേര്‍ന്ന കെഎസ്‌ഇബിയുടെ ഫുള്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് ഭൂമി നല്‍കിയത്. മന്ത്രി എം.എം. മണി അധ്യക്ഷനായിരുന്ന യോഗങ്ങളിലായിരുന്നു സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്‍കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കെഎസ്‌ഇബിക്കു കീഴിലുള്ള ഹൈഡല്‍ ടൂറിസത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ നടപടി.

മന്ത്രി എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭര്‍ത്താവാണു കുഞ്ഞുമോന്‍. കെഎസ്‌ഇബിക്കു കീഴില്‍, വിനോദസഞ്ചാര സാധ്യതയുള്ള കേന്ദ്രങ്ങളുടെ സംരക്ഷണം ഹൈഡല്‍ ടൂറിസത്തിന്റെ നിയന്ത്രണത്തിലാണ്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്ബത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ വിനോദസഞ്ചാര വികസനത്തില്‍ പങ്കാളികള്‍ ആക്കണമെന്നു കഴിഞ്ഞ വര്‍ഷം മേയ് 5 നു ചേര്‍ന്ന ഹൈഡല്‍ ടൂറിസത്തിന്റെ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജാക്കാട് സഹകരണ ബാങ്കിനു ഭൂമി കൈമാറാനുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *