തിരുവനന്തപുരം: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുത യില്‍ ആശങ്കയറിയിച്ച് കത്തെഴുതിയ 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്. അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന് വ്യക്തമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു.
ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാണെന്നും താന്‍ പറഞ്ഞപ്പോള്‍, അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് താനങ്ങനെ പറഞ്ഞതെന്നും വി എസ് അഭിപ്രായപ്പെട്ടു. രാമചന്ദ്രഗുഹ, മണിരത്നം, അപര്‍ണ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങി 49 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്. ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് തുറന്നകത്ത് എഴുതിയത്.
