ഒരു കത്തയച്ചാല്‍ രാജ്യദ്രോഹക്കുറ്റം! മോദിക്ക് ഒരു ലക്ഷം കത്തുകളയച്ച്‌ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ. ജയ്ശ്രീറാം വിളികള്‍ കൊലവിളികളാകുന്നു എന്നാരോപിച്ച്‌ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയാണ് രാമചന്ദ്ര ഗുഹ, മണിരത്നം, രേവതി, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍ എന്നിവര്‍ അടക്കമുളള പ്രമുഖരാണ് മോദിക്ക് കത്തയച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 50 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഉയര്‍ന്ന് വരുന്നത്. ശനിയാഴ്ച മോദിക്ക് ഒരു ലക്ഷം കത്തയച്ച്‌ ഡിവൈഎഫ്‌ഐ പ്രതിഷേധിക്കും.

ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ” രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്ബിരി കൊള്ളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം തുടങ്ങി 50 പേര്‍ക്കെതിരെയാണ് ബിഹാറില്‍ കേസെടുത്തത്. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തുന്ന പ്രവണതയെ സാംസ്‌കാരിക നായകര്‍ കത്തിലൂടെ വിമര്‍ശിച്ചിരുന്നു.

കത്ത് പുറത്തുവന്ന ഘട്ടത്തില്‍തന്നെ സംഘപരിവാര്‍ ഭീഷണി ആരംഭിച്ചതാണ്. അടൂര്‍ ഗോപാലകൃഷ്ണനെ നാടുകടത്തണമെന്ന് ആക്രോശിച്ചുകൊണ്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണ്. അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരെ കേസെടുത്തത് അംഗീകരിക്കാനാകില്ല. സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ പീഡിപ്പിക്കാനാണ് നീക്കം. മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, മതേതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെ അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാലമാണിത്.

ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ല. അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ഉടന്‍ പിന്‍വലിക്കണം. പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് നാളെ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രിക്ക് കത്ത് അയച്ച്‌ പ്രതിഷേധിക്കും. മുഴുവന്‍ യുവതീ-യുവാക്കളും ഇതിന്റെ ഭാഗമായി രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *