കോഴിക്കോട് : കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോളിയുടെ മൊഴി ഭര്‍ത്താവ് ഷാജുവിനെതിരെ. മകളുടെയും ഭാര്യയുടെയും മരണം കൊലപാതകമായിരുന്നുവെന്ന് ഷാജുവിന് അറിയാമായിരുന്നു എന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി.
മരണത്തില്‍ തനിക്ക് ദുഃഖമില്ലെന്നും സിലി മരിക്കേണ്ടവള്‍ ആയിരുന്നുവെന്നും ഷാജു പറഞ്ഞുവെന്നാണ് ജോളി മൊഴിയില്‍ പറഞ്ഞത്. ഇക്കാര്യം ആരും അറിയരുതെന്നും ഷാജു തന്നോട് ആവശ്യപ്പെട്ടെന്നും ജോളി പറയുന്നു. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
ഷാജുവിനെ കസ്റ്റഡിയിലെടുക്കാനാണോ ചോദ്യം ചെയ്യാനാണോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. സിലിയുടെ മരണത്തിന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിവാഹം കഴിക്കാനുളള ആഗ്രഹം ഷാജുവിനോട് പറയുന്നത്. പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചതിന്റെ അടുത്ത ദിവസം ഷാജു പൊന്നാമറ്റം വീട്ടിലെത്തി ചാക്കില്‍ സാധനങ്ങള്‍ കൊണ്ടുപോയിരുന്നു.
