ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും മൂന്നംഗ സംഘം വെടിവെച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും മൂന്നംഗ സംഘം വെടിവെച്ചു കൊന്നു. ജാല്‍ഗാവ് ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം . അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത് .

ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല . എന്നാല്‍ വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് പോലീസിന്റെ സംശയം .

രാത്രിയില്‍ നാടന്‍ തോക്കും കത്തിയുമായി കൗണ്‍സിലറുടെ വീട്ടില്‍ എത്തിയ അക്രമിസംഘം ഇവരെ ആക്രമിക്കുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു .

ബജര്‍പത് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . പ്രതികളെ ചോദ്യ ചെയ്തുകൊണ്ടിരിക്കുകയാണെന്നും കൊലപാതകത്തിനുള്ള കാരണം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *