കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് കൂടി സയനൈഡ് ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. നിലവില്‍ വിഷം നല്‍കിയെന്ന് പരാതി നല്‍കിയ കുടുംബത്തിലെ അംഗങ്ങള്‍ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കിട്ടുന്നത് ജോളിയ്ക്കല്ല. മറ്റാര്‍ക്കോ ആണ്. അതായത് ജോളിയ്ക്ക് വിഷം ഉപയോഗിക്കാനുള്ള വൈദഗ്ധ്യം ഉള്ളത് മനസ്സിലാക്കി മറ്റാരോ ക്വട്ടേഷന്‍ നല്‍കി. അതനുസരിച്ച് ജോളി, വന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മടങ്ങി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഏത് വര്‍ഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്നതില്‍ ഇനിയും പൊലീസ് പുറത്തു പറയുന്നില്ല. പക്ഷേ, ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞ് ആല്‍ഫൈനും മരിക്കുന്നതിന് ശേഷമാണ് ഈ സംഭവം.
പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മൂന്ന് മരണങ്ങളില്‍ക്കൂടി സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ അവയൊന്നും നിലവില്‍ പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. അവയൊന്നും വിഷപ്രയോഗങ്ങളുമല്ല. പക്ഷേ, ഇത് പൊലീസിന് നേരിട്ട് പരാതി കിട്ടിയിരിക്കുന്ന കേസാണ്. ഈ സംഭവം നടന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ട്. പൊന്നാമറ്റത്തെ മറ്റ് കൊലപാതകങ്ങളിലും സമാനമായ രീതിയിലെ തെളിവുകളാണ് പൊലീസിന് മുന്നിലുള്ളത്. എല്ലായിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ ഊര്‍ജിതമായ അന്വേഷണം തന്നെ ഇതില്‍ പൊലീസ് നടത്തുന്നുമുണ്ട്. ആരാണ് ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് ഇതുവരെ പൊലീസ് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇത് വെറും കേസല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജോളിയുടെ ഒപ്പം ഉണ്ടെന്ന് കരുതുന്ന ആരോ ചിലര്‍ ഇപ്പോഴും പൊന്നാമറ്റം കുടുംബത്തിന് അകത്തു തന്നെ മറഞ്ഞിരിപ്പുണ്ട്. ഇവരിലേക്ക് ഈ പരാതി ഒരു കണ്ണിയാകുമെന്നാണ് പൊലീസ് കരുതുന്നത്.
പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെക്കൂടി കൊല്ലാന്‍ ശ്രമിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നല്‍കിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ഇതില്‍ അന്വേഷണം തുടങ്ങി.
ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാന്‍ നല്‍കിയപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നല്‍കി. അന്ന് പൊലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.
ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലര്‍ത്തിയതെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്.
