വെടിക്കെട്ടപകട കേസ് പ്രതികളുടെ നിര്‍മാണശാലയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്ക നിര്‍മാണ ശാലകളില്‍ വന്‍ സ്ഫോടക വസ്തു ശേഖരം. ജനവാസ മേഖലയോട് ചേര്‍ന്നാണ് ആറ്റിങ്ങലിലും വര്‍ക്കലയിലുമുള്ള പടക്ക നിര്‍മാണ ശാലകള്‍. കോടതിയുത്തരവുണ്ടായിട്ടും സ്ഫോടകവസ്തുക്കള്‍ നിര്വീര്യമാക്കാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഭീതിയിലാണ്. ആറ്റിങ്ങലിന് സമീപം മുദാക്കല്‍ പഞ്ചായത്തിലുള്ള പടക്ക നിര്‍മാണ ശാലയിലെ കാഴ്ചകള്‍ ഭീതിജനകമാണ്. ആര്‍ക്കും കടന്നു കയറാവുന്ന ആറു കെട്ടിടങ്ങളില്‍ സുരക്ഷയില്ലാതെ ടണ്‍കണക്കിന് സ്ഫോടക വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് ദുരന്തത്തിന്റെ പിറ്റേന്ന് ഇവിടം റെയ്ഡ് ചെയ്ത് പൊലീസ് സീല്‍ ചെയ്തതാണ്. ഈ സ്ഫോടക വസ്തുക്കള്‍ നിര്വ്വീര്യമാക്കണമെന്ന് വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. താപനില ഉയര്‍ന്നാല്‍ സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍ പോലും ഇതിലുള്ളതായാണ് വിവരം. വര്‍ക്കല കടക്കാവൂരിന് സമീപമുള്ള കൃഷ്ണന് കുട്ടിയുടെ പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്ഥിതിയും ഇതു തന്നെ. രണ്ടിടത്തെയും സ്ഫോടക വസ്തുക്കള്‍ നിര്വ്വീര്യമാക്കണമെന്ന് കാക്കാനാട്ടെ കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് ഓഫിസില്‍ അറിയിച്ചെങ്കിലും ഇതുവരെ വിദഗ്ധരെത്തിയില്ല.
