തിരുവനന്തപുരം: ഈ സര്‍ക്കാറിന്റെ കാലത്ത് ഇനി ബാര്‍ലൈസന്‍സ് അനുവദിക്കില്ല. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ നിലവാരം ഉയര്‍ത്തി ഫൈസ് സ്റ്റാറാക്കിയാലും ബാര്‍ ലൈസന്‍സ് കൊടുക്കില്ല. ആറു ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ യു ഡി എഫ് യോഗത്തില്‍ തീരുമാനമായത്. പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരുമ്പോള്‍ ചില കര്‍ശനമാനദണ്ഡങ്ങളോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ. യു ഡി എഫ് യോഗ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പ്രസിഡന്റ് വി എം സുധീരനുമാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തെ 10 വര്‍ഷംകൊണ്ട് മദ്യ നിരോധനത്തിലേക്ക് എത്തിക്കുന്നതിനാണ് യു ഡി എഫ് തീരുമാനങ്ങള്‍. എല്‍ ഡി എഫ് മദ്യ ലോബിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവരുടെ പ്രകടനപത്രിക വ്യക്തമാക്കുന്നു. മദ്യവര്‍ജനമെന്നത് ഉപദേശമാണ് അല്ലാതെ നയമല്ല. ഇതാണ് എല്‍ ഡി എഫ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യെച്ചൂരിയുടെ നിര്‍ദേശത്തെ അവഗണിച്ചാണ് സംസ്ഥാന ഘടകം മദ്യത്തിന്റെ കാര്യത്തില്‍ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നല്കിയ ആറു ലൈസന്‍സുകള്‍ക്ക് പ്രാബല്യമുണ്ടാവും. 25 ഹോട്ടലുടമകള്‍ കൂടി നിലവില്‍ ഫൈവ് സ്റ്റാര്‍ സൗകര്യമൊരുക്കി ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പായി.
