ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരം, പ്രതിപക്ഷം വര്‍ഗീയ കാര്‍ഡിറക്കുന്നു: വിമര്‍ശനവുമായി പിണറായി

മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായി ജനങ്ങള്‍ കാണുന്നുണ്ടെന്നും അതാണ് പാലായില്‍ കണ്ടെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയില്‍ എത്തിയ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്തിനാണ് വേവലാതി. വര്‍ഗീയ കാര്‍ഡിറക്കാനാണ് വലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്തില്‍ ആരെങ്കലും വച്ച്‌ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചു.

വീട്ടില്‍ ടിവിയില്‍ വാര്‍ത്ത (സോളാര്‍) കാണാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തില്‍. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വര്‍ഷം നടപ്പാക്കുന്നത്. ബേക്കല്‍ കോവളം 600 കിലോമീറ്റര്‍ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാകും, ഇത് വരുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.

റെയില്‍ യാത്രാദുരിതം ശാപമായി നില്‍ക്കുകയാണ് കേരളത്തില്‍. സെമി ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ വരുന്നതോടെ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നു തിരുവനന്തപുരം എത്തുമെന്നും എല്ലാ കാര്യങ്ങളും ധ്രുതഗതിയില്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *