കോന്നി: ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നുവെന്ന് പി എസ് ശ്രീധരന്‍പിള്ള. എല്ലാ വോട്ടുകളും സുരേന്ദ്രനിലേക്ക് എന്ന നിലയില്‍ കോന്നിയിലെ സാഹചര്യം മാറിയെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബിജെപി അനുകൂല നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കോന്നിയിലെ ക്രൈസ്തവ വോട്ടുറപ്പിക്കാന്‍ മതനേതൃത്വങ്ങളെ കണ്ടിരുന്നുവെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള കോന്നിയിലടക്കം പിന്തുണ ഉറപ്പെന്നും പറഞ്ഞു. തുഷാറിന്‍റെ തോല്‍വി പ്രവചനം ഓരോരുത്തരുടെയും വിലയിരുത്തലാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്കെതിരെ പറഞ്ഞിട്ടില്ലെന്നും ബിഡിജെഎസ് വോട്ട് മറിച്ചെന്ന ആരോപണം ബിജെപി ഉന്നയിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എല്ലാവഴികളിലും ഇത് അപകടമാണെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്ത് വച്ചേക്കുകയാണ് ബിജെപിയെ. ഭയപ്പെടുത്തി മാറ്റി നിര്‍ത്തുകയായിരുന്നു ബിജെപിയെ. ആ തടസ്സങ്ങളെല്ലാം മാറിയിരിക്കുന്നു. അതുകൊണ്ട് സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിക്കുന്ന തരത്തിലേക്ക് കോന്നി മണ്ഡലം മാറിയിരിക്കുന്നു. കോന്നിയില്‍ വിജയം ഉറപ്പാണെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഇതിന് തടയിടാന്‍ ഇരുമുന്നണികളും കുപ്രചരണങ്ങളെ അവലംമബിക്കുകയാണ്- ശ്രീധരന്‍പിള്ള പറഞ്ഞു.
