കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ പിഴവില്ലാത്ത ക്രമീകരണങ്ങള്‍. ജില്ലയിലെ 140 പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തും. ഒരു പ്രത്യേക സ്ഥലത്തുള്ളവര്‍ വോട്ടു ചെയ്യാന്‍ മടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തണമെന്നാണ് വരണാധികാരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓരോ മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളുടെ എണ്ണമനുസരിച്ചാണ് സുരക്ഷാ സേനയെ വിന്യസിക്കുക. പോലീസ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്, സൂക്ഷ്മ നിരീക്ഷണം, വെബ് കാസ്റ്റിംഗ്, വീഡിയോഗ്രാഫി എന്നിങ്ങനെ അഞ്ചുതലങ്ങളിലായാണ് സുരക്ഷാ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ലയില്‍ 18 വിദൂര പോളിംഗ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ പോലീസ് സേനയെ ഏര്‍പ്പെടുത്തും. ജില്ലയെ 137 ഗ്രൂപ്പുകളായി തിരിച്ചാണ് പട്രോളിംഗ് ഏര്‍പ്പെടുത്തുക. ഒരു സബ് ഇന്‍സ്‌പെക്ടറുടെയും മൂന്ന് സിവില്‍ പോലീസ് ഓഫീസറുടെയും നേതൃത്വത്തിലായിരിക്കും പട്രോളിംഗ് ക്രമീകരിക്കുക.
