ശബരിമലയും ഉയര്‍ത്തിപ്പിടിച്ച്‌ എന്നും തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല; ബിജെപിയെ വിമര്‍ശിച്ച്‌ മലക്കം മറിഞ്ഞ് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത പരാജയത്തെ കുറിച്ച്‌ പ്രതികരിച്ച്‌ മുന്‍ഡിജിപി ടിപി സെന്‍കുമാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാലതാമസത്തെ പഴിക്കുന്നതായിരുന്നു ടിപി സെന്‍കുമാറിന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച്‌ എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

‘ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച്‌ എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ല. കോന്നിയില്‍ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടില്‍ വലിയ കുറവ് വരാതിരുന്നത്. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച്‌ ബിജെപിക്ക് വോട്ടു കുറഞ്ഞു എന്നതിനപ്പുറം വലിയ വോട്ട് ചോര്‍ച്ച ബിജെപിക്ക് കോന്നിയില്‍ ഉണ്ടായില്ല’, എന്നും സെന്‍കുമാര്‍ സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

80 ശതമാനത്തിന് മുകളില്‍ ഹിന്ദു വോട്ടുകളുളള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്റേത് അല്ലാത്ത വോട്ടുമുണ്ട്. എന്‍എസ്‌എസിന്റെ ആളുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെന്റ് ഉണ്ടാകും. ഈ ട്രെന്റിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

ബിജെപി മഞ്ചേശ്വരത്ത് നേരിയ വോട്ടുകള്‍ക്ക് മുന്നേറി രണ്ടാം സ്ഥാനത്തെത്തി എന്നതൊഴിച്ചാല്‍ ബാക്കി നാലിടത്തും ബിജെപിക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വിജയം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *