വയനാട്: തനിക്ക് സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് വിമര്‍ശിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. നീതികിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്നും അവര്‍ പ്രതികരിച്ചു. സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മീഷന്‍ അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നടിച്ചു. വനിതാ കമ്മീഷന്‍ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ സിസ്റ്റര്‍ ലൂസി വത്തിക്കാനൊപ്പം വനിതാ കമ്മീഷനും തന്നെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി. നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കില്‍ ഇനിയും പരാതി നല്‍കുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത അപവാദ പ്രചാരണമുണ്ടായിട്ടും വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെന്ന് നേരത്തെ സിസ്റ്റര്‍ ലൂസി കളപ്പുര പരാതിപ്പെട്ടിരുന്നു. അതേസമയം, നാല് തവണ ഹിയറിംഗിന് വിളിച്ചിട്ടും സിസ്റ്റര്‍ ലൂസി കളപ്പുര ഹാജരായില്ലെന്നും, സാധാരണഗതിയില്‍ വാദിക്ക് രണ്ട് തവണ മാത്രമാണ് ഹാജരാകാന്‍ സമയം നല്‍കാറുള്ളതെന്നുമാണ് വനിതാ കമ്മീഷന്‍ ഇതിനോട് പ്രതികരിച്ചത്.
സാധാരണ നാല് തവണ മാത്രമാണ് ഒരു വാദിക്ക് ഹാജരാകാന്‍ അവസരം നല്‍കാതിരുന്നതെന്ന് പറഞ്ഞ എംസി ജോസഫൈന്‍, കമ്മീഷന്റെ സമയവും ഊര്‍ജ്ജവും നഷ്ടമാക്കാനാവില്ലെന്നും പറഞ്ഞിരുന്നു. വനിതാ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ഹിയറിങിന് ഹാജരാകാതിരുന്നതെന്നായിരുന്നു ഇതിനോടുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഭാ അധികൃതരില്‍നിന്നടക്കം കടുത്ത ദ്രോഹമാണ് നേരിടുന്നത്.
നിരവധിതവണ ഫോണിലൂടെയും ഇമെയില്‍വഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ വത്തിക്കാന്‍ തന്‍റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു. വനിതാ കമ്മീഷന്‍ നീതി ലഭ്യമാക്കിത്തരുമെന്ന് ഉറപ്പുനല്‍കുകയാണെങ്കില്‍ വീണ്ടും പരാതി നല്‍കാന്‍ താന്‍ തയാറാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
